01/04/2020
കേരളത്തിൽ പടർന്നുപിടിക്കുന്ന മഹാമാരികൾക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണകാലം മുതൽ തന്നെ പാർടി പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. പലയിടങ്ങളിലും കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ പാർടിയിലേക്ക് ആളുകളെ ആകർഷിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് വസൂരി, കോളറക്കാലത്തെ പ്രവർത്തനങ്ങൾ.1940കളിൽ കോളറ വ്യാപനമുണ്ടായപ്പോൾ പലയിടങ്ങളിലും രോഗം ബാധിച്ചവരെ ബന്ധുക്കൾക്ക് പോലും ശുശ്രൂഷിക്കാൻ ഭയമായിരുന്നു. ഈ സാഹചര്യത്തിൽ രോഗികളുടെ വീടുകളിൽ കമ്യൂണിസ്റ്റുകാർ പോവുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. കോളറ രോഗി മരണപ്പെടുന്ന സാഹചര്യത്തിൽ സംസ്കാരമുൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയത് കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരായിരുന്നു.
പാർടി പ്രവർത്തകർ ആരോഗ്യവകുപ്പ് നൽകുന്ന ഗുളിക കഴിച്ചശേഷം ഓരോ വീടും കയറിയിറങ്ങി ബോധവൽക്കരണം നടത്തും. രോഗികളുള്ള വീടുകൾ കയറി ശുശ്രൂഷിക്കും. കോളറ ദുർദേവത തരുന്നതാണെന്ന രീതിയിൽ അന്ന് പ്രചരണം നടന്നിരുന്നു. ഇതേത്തുടർന്ന് ദുർദേവതയെ അകറ്റാനായി വീടുകൾക്ക് മുന്നിൽ ചാണകവെള്ളം വെച്ചിരിക്കും. പാർടിക്കാർ എല്ലാവരോടും ശുചിത്വമാണ് വേണ്ടതെന്ന് ഉപദേശിക്കും. വീടും പരിസരവും വൃത്തിയാക്കണമെന്ന് പറയും. രോഗിയെ ആശ്വസിപ്പിക്കും." വസൂരി രോഗികൾക്ക് ആളുകൾ ഭക്ഷണം കൊടുക്കാൻ പോലും ഭയന്നിരുന്ന സമയത്ത്, കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ വീടുകളില്‍പോയി രോഗികളെ ശുശ്രൂഷിക്കാനും ഭക്ഷണം നല്‍കാനും മുന്നിട്ടിറങ്ങി. അന്ന് ആ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ വസൂരി ബാധിച്ച് പാർടി പ്രവർത്തകർ മരണപ്പെട്ടിരുന്നു.
സഖാവ് പി കൃഷ്ണപ്പിള്ള 1945ൽ കോളറ,വസൂരി വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പാർടി പ്രവർത്തകർക്കായി നൽകിയ ആഹ്വാനങ്ങൾ പാർടിയും പാർടി നേതൃത്വവും അക്കാലത്ത് തന്നെ കൃത്യമായ ആസൂത്രണം മാറാവ്യാധികൾക്കെതിരെ സ്വീകരിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ്. പാർടി അംഗങ്ങൾ ഒരു നിശ്ചിത സംഖ്യ ദുരിത നിവാരണത്തിനായി പാർട്ടിക്ക് നൽകണമെന്നും ഓരോരുത്തരും എത്ര കൊടുക്കണമെന്ന് കഴിവു നോക്കി പാർട്ടി ഘടകം തീരുമാനിക്കണമെന്നും ആഹ്വാനനിർദേശത്തിൽ പറയുന്നുണ്ട്. അതാത് സ്ഥലത്തെ ദുരിത നിവാരണത്തിനായി പാർട്ടി ഘടകങ്ങൾ സ്ഥിരം സംഭാവനക്കാരെയുണ്ടാക്കണം . പൊതുപ്രവർത്തകരും സമുദായ സ്നേഹികളും രാജ്യാഭിമാനികളുമായ എല്ലാവരേയും സമീപിച്ച് ആ പ്രദേശത്ത് റേഷൻ വാങ്ങുവാൻ കഴിവില്ലാത്ത സാധുക്കളെ സഹായിക്കാനായി മാസം തോറും ഇന്നത് തരാമെന്ന് സമ്മതിപ്പിക്കണമെന്നും ഈ നിർദേശങ്ങളിൽ പറയുന്നു. ഇതോടൊപ്പം പിരിക്കുന്ന തുകയിൽ 25% കേരള റിലീഫ് കമ്മിറ്റിക്ക് അയക്കണമെന്നും വൈദ്യസഹായ കേന്ദ്രങ്ങൾ നടത്താനും കൂടുതൽ തുറക്കാനും ഈ സംഖ്യ ഉപയോഗിക്കണമെന്നുമുള്ള സഖാവ് കൃഷ്ണപ്പിള്ളയുടെ നിർദേശം പാർടിയുടെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. ദുരിത നിവാരണ പ്രവർത്തനത്തിൽ നിങ്ങളുടെ പ്രദേശത്തുള്ള എല്ലാ സ്ഥാപനങ്ങളെയും പൊതുകാര്യപ്രസക്തരെയും പങ്കുകൊള്ളിക്കാൻ അങ്ങേയറ്റം പരിശ്രമിക്കണമെന്ന് അന്നേ പാർടി തീരുമാനിച്ചിരുന്നതാണ്.
കേരളത്തിലെ എല്ലാ ദുരന്തമുഖങ്ങളിലും നിസ്വാർഥ സേവനമാണ് കമ്യൂണിസ്റ്റുകാർ കാഴ്ചവെച്ചിട്ടുള്ളത്. പ്രളയമുണ്ടായപ്പോഴും മറ്റ് ദുരന്തങ്ങളുണ്ടായപ്പോഴും പൊതുജനങ്ങളെയടക്കം ഉൾപ്പെടുത്തിയുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചിരുന്നു. ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ ഘട്ടത്തിലും കമ്യൂണിസ്റ്റുകാർ പഴയ പാത പിന്തുടരുക തന്നെയാണ്. നാം ചെയ്യുന്ന ജനസേവനം, അതാണ് നമ്മുടെ ദേശാഭിമാനപരമായ നയത്തിന്റെ അടിസ്ഥാനം.