09/11/2022
അപൂർവ്വമായ കീർത്തന പ്രവാഹത്തിൽ ലയിച്ച് പെരുഞ്ചെല്ലൂർ
രാജ പ്രൗഢിയിൽ #പെരുഞ്ചെല്ലൂർ #സംഗീത #സഭയുടെ #അറുപതാം #കച്ചേരി
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 25-ാം വാർഷിക വേളയിൽ (1972) സ്വരാഷ്ട്രം എന്ന രാഗത്തിലെ മധുരവും മനോഹരവുമായ സാ കാ ര വർണത്തോടെ ഡോ.എം.ബാലമുരളീകൃഷ്ണ രചിച്ചവതരിപ്പിച്ച കീർത്തനം ആലപിച്ച് ഇന്ത്യയിലെ പ്രമുഖ #കർണ്ണാടക #സംഗീതജ്ഞനും #തിരുവിതാംകൂർ #രാജകുടുംബാംഗവുമായ #അശ്വതി #തിരുനാൾ #പ്രിൻസ് #രാമവർമ്മ #തമ്പുരാൻ പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അറുപതാം കച്ചേരിക്ക് തുടക്കം കുറിച്ചു .
ഈ വർണ്ണത്തിന്റെ തുടക്കത്തോടെ ശാന്തമായ അന്തരീക്ഷം കൊണ്ടുവരികയും മികച്ച "കച്ചേരി"ക്കായി പ്രേക്ഷകരെ ഒരുക്കുകയുമാണ് അദ്ദേഹം ചെയ്തത്.
മഞ്ഞപ്ര ദേവേശഭാഗവതർ രാമനാഥൻ ഹംസധ്വനി രാഗത്തിൽ രൂപക താളത്തിൽ രചിച്ച ഗണേശ സ്തുതി ഗജവദനാ മാം പാഹി ഗൗരി തനയാ സതതം എന്ന കീർത്തനം ആലപിച്ചു കഴിഞ്ഞപ്പോൾ തന്നെ ചിത്രകാരനായ രാജാ രവിവർമ്മയുടെ അഞ്ചാം തലമുറയുടെ അനന്തരവൻ പ്രിൻസ് രാമ വർമ്മ ആലാപനത്തിൽ എത്രത്തോളം ആർദ്രതയുടെയും ഈണത്തിന്റെയും അപ്രതിരോധ്യമായ സംയോജനമുണ്ട് എന്ന് ആസ്വാദകർക്ക് ബോദ്ധ്യപ്പെടുത്തി.
ത്യാഗരാജ സ്വാമികൾ ചിത്ത രഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ നാദസ്വരൂപനായ ശങ്കരനെ ഞാൻ മനസ്സും ശരീരവും കൊണ്ട് വണങ്ങുന്നു എന്ന അർത്ഥത്തിലുള്ള നാഥ തനും അനിശം ശങ്കരം എന്ന കീർത്തനം ഏറെ മനോരഞ്ജകമായി . സാഹിത്യത്തിലെ സ്ഫുടതയും ഭാവാത്മകതയും തിളക്കം നല്‍കി. ഒപ്പം താളവാദ്യ പിന്തുണ ആസ്വാദകരുടെ ഹൃദയം നിറച്ചു.
മായാമാളവ ഗൗള രാഗത്തിലെ രക്ഷിംപവേ ശ്രീ രാജത ഗിരി നിലയ എന്ന കീർത്തനം ആലപിച്ചപ്പോൾ ആ രചനയുടെയും അതിന്റെ കമ്പോസർ ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ പോലെ അതിന്റെ സത്തയും ആത്മാവും പിടിച്ചെടുക്കുന്ന വിധം രാമ വർമ്മ ആലപിച്ചു.
ഓരോ കീർത്തനത്തിന്റെയും അതിന്റെ ആഴത്തിലുള്ള അറിവ് ഉദാരമായി പങ്കിട്ടപ്പോൾ , മഹാരാജ സ്വാതി തിരുനാൾ ഖമ്മാസ് രാഗത്തിൽ ചിട്ടപ്പെടുത്തിയ തിരുവന്തപുരത്തെ ശ്രീകണ്ഠേശ്വര സ്വാമിയെ സ്തുതിച്ചു കൊണ്ടുള്ള പാലയ മാമയി ബോ , സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. ചില കച്ചേരികൾ കേവലം കേൾക്കാനും, രാജകുമാരൻ രാമവർമ്മയുടെ കച്ചേരി ആസ്വാദക ഹൃദയം നിറക്കാനുമാണ്.
മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ച ഭൂത കിരണാവലിം എന്ന കിരണാവലി രാഗത്തിലെ കീർത്തനം ആലപിച്ചപ്പോൾ കർണാടക സംഗീതത്തിന്റെ മറഞ്ഞിരിക്കുന്ന രത്നങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു . ആസ്വാദകരെ ധ്യാനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനായി. താളാത്മകമായ ചാരുതയുടെയും ആകർഷകമായ തലങ്ങളിൽ വളഞ്ഞൊഴുകുന്ന സംഗീത സ്വരങ്ങളുടെ ഒരു നദി പോലെയായിരുന്നു തഞ്ചാവൂർ ബ്രിഹതേശ്വർ ക്ഷേത്രത്തിലെ ശിവനെ പ്രകീർത്തിച്ചു കൊണ്ടുള്ള ഈ കൃതി .
കച്ചേരിയിലെ മുഖ്യ കൃതിയായി നീലകണ്ഠ ശിവൻ ബിഹാഗ് രാഗത്തിൽ രചിച്ച ശങ്കര നിൻ കരുണൈ പുരിവായി കീർത്തനം അതിശയോക്തികളിലില്ലാതെ , അനാവശ്യമായ അലങ്കാരങ്ങളൊന്നുമില്ലാതെ കീർത്തനത്തിന്റെ ശുദ്ധമായ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ കേള്‍വിക്ക് ശീതളാനുഭവം പകർന്നു . ആത്മവിശ്വാസമാര്‍ന്ന നാദങ്ങളൊരുക്കിയ തനിയാവർത്തനം സദസ്സിന് ഹരംപകര്‍ന്നു.
രാമ വർമ്മയുടെ സംഗീത ഗുരു ഡോ. എം . ബാലമുരളികൃഷ്ണ വളരെ അപൂർവ്വം മാത്രം ആലപിച്ച മനോഹരമായ ശ്രീ രാജ രാജേശ്വര എന്ന മിശ്ര ശിവരഞ്ജിനി രാഗത്തിൽ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ കീർത്തനം പെരുഞ്ചെലൂർ തമ്പുരാൻ ശ്രീ രാജരാജേശ്വരനു സമർപ്പിച്ചു പാടിയത് ഏറെ ശ്രദ്ധയാകർഷിച്ചു.
മധുര മണി അയ്യർ ജനപ്രിയമാക്കിയ ഹരികേശനെല്ലുർ മുത്തയ്യാ ഭാഗവതരുടെ വെസ്റ്റേൺ നോട്ട് പുതിയ ഒരു അനുഭവമായി ശ്രോതാക്കൾക്ക് .
പാശ്ചാത്യ സ്വാധീനമുള്ള കർണാടക ശൈലിയെ അടിസ്ഥാനമാക്കി ഒരു സംഗീതം രചിക്കാൻ അദ്ദേഹത്തെ ഒരു ഇംഗ്ലീഷുകാരൻ വെല്ലുവിളിച്ചപ്പോൾ , അഷ്ടകത്തിന്റെ 12 കുറിപ്പുകൾ മാത്രം ഉപയോഗിച്ച് ഒരു വാൾട്ട്സ് മുത്തയ്യ ഭാഗവതർ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് അവരുടെ ഭാഷയിൽ വരികൾ ഇല്ലാതെ തന്നെ ഇന്ത്യൻ സംഗീതജ്ഞർക്ക് സംഗീതം ചെയ്യാൻ കഴിയുമെന്ന് സ്ഥാപിച്ചു .
അക്കാലത്ത് പ്രചാരത്തിലായിരുന്ന പാശ്ചാത്യ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള, ഉജ്ജ്വലവും, ശ്രുതിമധുരവും, ആരാധ്യപരവുമായ സംസ്‌കൃത രചനകൾ, മുത്തുസ്വാമി ദീക്ഷിതർ നോട്ടുസ്വരം എന്ന പേരിൽ പ്രസിദ്ധമാക്കി . ശങ്കര എന്ന് തുടങ്ങുന്ന നോട്ടുസ്വരം രാമവർമ്മ ആലപിച്ചപ്പോൾ "സംഗീതജ്ഞരിൽ രാജകുമാരനും രാജകുമാരന്മാരിൽ ഒരു സംഗീതജ്ഞനും" എന്ന ആപ്ത വാക്യം രാജാ രവിവർമ്മയുടെ പിൻഗാമിയായ രാമവർമ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു .
ഡോ. എം. ബാലമുരളികൃഷ്ണ ഗരുഡധ്വനി രാഗത്തിലെ നടരാജ ഭഗവാന്റെ ആനന്ദ താണ്ഡവ (കോസ്മിക് നൃത്തം) ചിത്രീകരിക്കുന്ന തില്ലാന രാമവർമ്മ ആലപിച്ചപ്പോൾ, അദ്ദേഹത്തിന്റെ മായം കലരാത്ത ആലാപനത്തിനു പിന്നിലെ രഹസ്യങ്ങൾ ആസ്വാദകർക്ക് ഭക്തി ഭാവത്തോടെ സമ്പൂർണ്ണ ആനന്ദം ചൊരിഞ്ഞു .
അപൂർവ്വങ്ങളിൽ അപൂർവ്വമായ നവറോജ് രാഗത്തിലെ ത്രിപുര ധർപ ഭഞ്ജനായ ശിവ സ്തുതി പാടി രണ്ടര മണിക്കൂർ നീണ്ട സംഗീത പെരുമഴക്ക് തിരശ്ശീല വീണത്.
പ്രിൻസ് രാമവർമ്മ പ്രൊഫ. വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ, ഡോ. മംഗലംപള്ളി ബാലമുരളീകൃഷ്ണ, ആർ. വെങ്കിട്ടരാമൻ, പ്രൊഫ. കെ.വി. നാരായണസ്വാമി എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചത്. എല്ലാ വിഭാഗങ്ങളിലെയും സംഗീതത്തോടും വരികളോടും ഭാഷയോടും സംഗീത സംവിധായകനോടും അദ്ദേഹം നീതി പുലർത്തുന്നു എന്നതിൽ സംശയമില്ല .
കീര്‍ത്തനങ്ങളുടെ രാഗഭാവം ഒട്ടും ചോരാതെ പ്രശസ്ത വയലിനിസ്റ്റ് ആവണീശ്വരം എസ് ആർ വിനു, മൃദംഗത്തിൽ ചെങ്ങളം സിനീഷ് കുമാർ , മുതിർന്ന മുഖര്‍ശംഖ് വിദ്വാൻ പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവരും പക്കമേളത്തില്‍ മികച്ചപിന്തുണയേകി.
പി . വി . രാജശേഖരൻ, ഡോ. കെ . വി . വത്സലൻ എന്നിവർ കലാകാരന്മാരെ ആദരിച്ചു . വിജയ് നീലകണ്ഠൻ കലാകാരന്മാരെ പരിചയപ്പെടുത്തി സംസാരിച്ചു .