03/09/2024
ഈ വിവേകമാണ് നമുക്കാവശ്യം🙏🏻.
തട്ടിപ്പുകാർ പലരീതിയിൽ സമീപിക്കും. അവയോട് വിവേകത്തോടെ മാത്രം സമീപിക്കുക. പോലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും വ്യാജ പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തി എന്നും അവർ പറഞ്ഞെന്നിരിക്കും. വെബ്സൈറ്റിൽ നിങ്ങൾ അശ്ലീലദൃശ്യങ്ങൾ തിരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പ് നടത്താറുണ്ട്. ഈ സന്ദേശങ്ങൾ വരുന്നത് ഫോൺ മുഖേനയോ ഇ-മെയിൽ വഴിയോ ആകാം.
നിങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അറിയിക്കുന്ന അവർ വിശ്വസിപ്പിക്കാനായി അന്വേഷണ ഏജൻസിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും കേസ് രജിസ്റ്റർ ചെയ്തെന്ന വ്യാജരേഖകളും നിങ്ങൾക്ക് അയച്ചുനൽകുന്നു. അവർ നൽകിയ തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ വെബ്സൈറ്റിൽ തിരഞ്ഞാൽ വ്യാജരേഖയിൽ പറയുന്ന പേരിൽ ഒരു ഓഫീസർ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ നിങ്ങൾ പരിഭ്രാന്തരാകുന്നു.
ഫോണിൽ വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാർ സ്കൈപ്പ് വഴിയും മറ്റും ഉള്ള വീഡിയോകോളിൽ പങ്കെടുക്കാൻ നിങ്ങളെ നിർബന്ധിക്കുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചായിരിക്കും അവർ വീഡിയോകോളിൽ പ്രത്യക്ഷപ്പെടുക. നിങ്ങൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും നിങ്ങൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും നിങ്ങളെ വിർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തട്ടിപ്പുകാർ പറയുന്നു. തങ്ങളുടെ അനുവാദമില്ലാതെ ഇനി നിങ്ങൾ എങ്ങോട്ടും പോകാൻ പാടില്ലെന്നും അവർ അറിയിക്കും.
വീഡിയോകോളിനിടെ അവർ നിങ്ങളുടെ സ്വകാര്യവിവരങ്ങളും സാമ്പത്തികസ്ഥിതിയുമൊക്കെ ചോദിച്ചു മനസ്സിലാക്കുന്നു. നിങ്ങളുടെ സമ്പാദ്യം പരിശോധനയ്ക്കായി നൽകണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ചശേഷം തുക തിരിച്ചുനൽകുമെന്നും അറിയിക്കുകയാണ് അടുത്ത ഘട്ടം. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ, അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങൾ പണം ഓൺലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂർത്തിയാകുന്നു.
ഓർക്കുക. നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇ-മെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ വിവരം അറിയിക്കണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.