23/05/2022
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുൻപ് 1940 കളിൽ ഡൽഹിയിൽ സാങ്കേതിക തൽപ്പരനായ ഒരു യുവാവുണ്ടായിരുന്നു. പേര് അമർ നാഥ് അഹൂജ. ഇന്ന് പാക്കിസ്ഥാനിലായ സിന്ധ് പ്രവിശ്യയിൽ നിന്ന് വിഭജനത്തിന് വളരെ മുൻപേ ഡൽഹിയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു അമർനാഥ്.
സ്വാതന്ത്ര്യ സമരം കത്തിക്കാളി നിൽക്കുന്ന സമയം.. അപൂർവ്വം ചില പൊതുയോഗങ്ങളിൽ അന്ന് ഉച്ചഭാഷിണി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. യോഗങ്ങൾക്ക് ആളെ കൂട്ടാൻ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ് എന്ന് നോട്ടീസിൽ പ്രത്യേകം അച്ചടിച്ച് തുടങ്ങിയ കാലം.
ചിക്കാഗോ റേഡിയോ, ആൾട്ടെക് ലാൻസിങ്ങ് ,ഷുവർ, റോള എന്നിങ്ങനെയുള്ള വിദേശ കമ്പനികളുടെ പബ്ലിക് അഡ്രസ് സിസ്റ്റങ്ങളാണ് അന്ന് ഇന്ത്യൻ മൈക്ക് സെറ്റ് ഓപ്പറേറ്റർമാർ ഉപയോഗിച്ചിരുന്നത്.
എവിടെ ഉച്ചഭാഷിണി ഉണ്ടോ അവിടെ അമർനാഥ് ഉണ്ട് എന്ന നിലയിലായി കാര്യങ്ങൾ. മൈക്ക് ഓപ്പറേറ്റർമാരുടെ സഹായിയായി ആ 20 കാരൻ പൊതുയോഗങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായി. യാതൊരു പ്രതിഫലേഛയുമില്ലാതെ തങ്ങളെ സഹായിക്കുന്ന സാങ്കേതിക കാര്യങ്ങളിൽ അൽപ്പം വിവരമുള്ള ആ യുവാവിനെ മൈക്ക് ഓപ്പറേറ്റർമാർ സ്വാഗതം ചെയ്തു.
കാര്യങ്ങളൊക്കെ പഠിച്ച് കഴിഞ്ഞപ്പോൾ പിതാവിനെ അനുനയിപ്പിച്ച് ചിക്കാഗോ റേഡിയോയുടെ പഴയ രണ്ട് ആംപ്ലിഫയറുകളും, ഏതാനും കോളാമ്പി മൈക്കുകളും, ഒന്ന് രണ്ട് ഷുവർ മൈക്കുകളും സ്വന്തമാക്കി സ്വയം ഒരു മൈക്ക് ഓപ്റേറ്ററായി മാറി അമർനാഥ്.സ്ഥാപനത്തിന് അഹൂജ സൗണ്ട് എക്വിപ്മെൻ്റ്സ് എന്ന് പേരുമിട്ടു.
മൈക്ക് ഓപ്പറേറ്ററായി മാറിയതോടെയാണ് ഈ രംഗത്തെ ബുദ്ധിമുട്ടുകൾ മനസിലായി തുടങ്ങിയത്.അന്ന് ട്രാൻസിസ്റ്ററുകൾ കണ്ട് പിടിക്കപ്പെട്ടിട്ടില്ല. എല്ലാ ആംപ്ലിഫയറുകളും വാക്വം ട്യൂബ് നിർമ്മിതമാണ്. ഇവ അടിയ്ക്കടി പണിമുടക്കും.
വിദേശ നിർമ്മിതമായ ഈ ആംപ്ലിഫയറുകൾ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്നവ ആയിരുന്നില്ല. തകരാറ് പറ്റിയാൽ നന്നാക്കാനുള്ള പാർട്സുകൾ വിദേശത്ത് നിന്നും വരണം, പാർട്സുകൾക്കാണെങ്കിൽ അമിതമായ വിലയും.പാർട്സുകൾ ഉണ്ടെങ്കിൽ തന്നെ ഇവ റിപ്പയർ ചെയ്യുന്നതിനുള്ള ടെക്നീഷ്യൻമാർ വളരെ അപൂർവ്വവും.
ഉപകരണങ്ങളുടെ കേട് പാടുകൾ മൂലം ഏറ്റെടുത്ത വർക്കുകൾ കൃത്യമായി ചെയ്ത് കൊടുക്കാനാകാതെ ആകെ വലഞ്ഞ അമർനാഥ് കയ്യിലുള്ള ആംപ്ലിഫയറുകളുടെ തകരാറുകൾ പോക്കാൻ സ്വയം പഠിക്കാൻ തീരുമാനിച്ചു.
കൈവശമുള്ള ആംപ്ലിഫയറുകളുടെ സ്കിമാറ്റിക് ഡയഗ്രങ്ങൾ വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ച് അവ പഠിക്കാൻ തുടങ്ങി. സംശയ നിവാരണത്തിനായി വിദേശത്ത് നിന്നും വല്ലപ്പോഴും വരുന്ന ആംപ്ലിഫയർ കമ്പനികളിലെ സായിപ്പൻമാരായ സർവ്വീസ് എഞ്ചിനീയർമാരുടെ സഹായവും തേടി.
സായിപ്പൻമാർ തകരാറുകൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്നത് കണ്ട് മൾട്ടിമീറ്റർ, സിഗ്നൽ ഇഞ്ചക്റ്റർ പോലുള്ള ടൂളുകൾ ഉപയോഗിച്ച് ആംപ്ലിഫയറുകളുടെ തകരാറുകൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പഠിച്ചെടുത്തു.
അമർനാഥിന് ഇതിനോടുള്ള താൽപ്പര്യം കണ്ട് ഷുവർ കമ്പനിയുടെ ഒരു എഞ്ചിനീയർ മൾട്ടി മീറ്ററും, സിഗ്നൽ ഇഞ്ചക്റ്ററുമെല്ലാം സഹായവിലയ്ക്ക് നൽകി സഹായിക്കുകയും ചെയ്തു.
ഇതോടെ സ്വന്തം സ്ഥാപനത്തിലെ ഉപകരണങ്ങൾ മറ്റാരുടെയും സഹായമില്ലാതെ സ്വയം നന്നാക്കാനുള്ള പരിചയം അമർനാഥ് ആർജ്ജിച്ചു.
റിപ്പയറിങ്ങ് അറിയാവുന്ന ഓപ്പറേറ്റർ എന്ന ഖ്യാതി ഇതോടെ നാട്ടിൽ പരന്നു. അമറിനെ വിളിച്ചാൽ ഉച്ചഭാഷിണി തടസമില്ലാതെ പ്രവർത്തിക്കും എന്നത് ഉറപ്പ്.ഇതോടെ വർക്കുകൾ കൂടി. ആകെ രണ്ട് ആംപ്ലിഫയറേ ഉള്ളൂ. കൂടുതൽ എണ്ണമുണ്ടെങ്കിലേ കൂടുതൽ വർക്കുകൾ പിടിക്കാൻ സാധിക്കൂ. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് രണ്ട് ആംപ്ലിഫയറുകൾ വേണം. ഒരെണ്ണം പ്രവർത്തിപ്പിക്കാനും, ഒരെണ്ണം സ്റ്റാൻഡ് ബൈ ആയും.
ഇനി പഴയത് വാങ്ങേണ്ട എന്ന് നിശ്ചയിച്ചു.പുതിയ ആംപ്ലിഫയറിന് വൻ തുക മുടക്കേണ്ടി വരും. എന്തായാലും തൻ്റെ റിപ്പയറിങ്ങ് പരിചയം വച്ച് ഒരാംപ്ലിഫയർ ഉണ്ടാക്കി നോക്കാം എന്ന് അമർനാഥ് തീരുമാനിച്ചു.
ആംപ്ലിഫയറിൻ്റെ ഒരു പ്രധാന ഘടകമായ ട്രാൻസ്ഫോർമറുകൾ നിർമ്മിക്കുന്നതിനാവശ്യമായ കോറുകളും, കോപ്പർ വയറുമൊന്നും ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. നീണ്ട കത്തിടപാടുകളിലൂടെ ബ്രിട്ടനിൽ നിന്നും ആംപ്ലിഫയർ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളെല്ലാം വരുത്തി.
അഴിച്ചും ,പണിതും, മാറ്റം വരുത്തിയും, ഒത്തിരി പരാജയങ്ങൾക്ക് ശേഷം അവസാനം ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ച ഒരു ആംപ്ലിഫയർ അമർനാഥ് നിർമ്മിച്ചു.അങ്ങനെ 1942ൽ ആദ്യ ഇന്ത്യൻ നിർമ്മിത ആംപ്ലിഫയർ പുറത്തിറങ്ങി.
വെറും 25 വാട്ട്സ് ശേഷിയുള്ള A 25 എന്ന മോഡലായിരുന്നു അത്. അതിൻ്റെ ഡയലിൽ അഹൂജ സൗണ്ട് എക്വിപ്മെൻ്റ്സ് എന്നതിൻ്റെ ചുരുക്കമായ ASE ലോഗോ ബാക്ക് ലൈറ്റിൽ മനോഹരമായി തിളങ്ങുന്നത് കാണാമായിരുന്നു.
ഇതോടെ അമർനാഥിൻ്റെ പേര് മൈക്ക് ഓപ്പറേറ്റിങ്ങ് സ്ഥാപനങ്ങളിൽ എമ്പാടും പരന്നു. ഒരു ഡൽഹിക്കാരൻ ചങ്ങാതി സ്വന്തമായി ആംപ്ലിഫയർ നിർമ്മിച്ചിരിക്കുന്നു. തീ പിടിച്ച വിലയും നന്നാക്കാൻ വൻ പണച്ചിലവ് വരുന്നതുമായ വിദേശ ആംപ്ലിഫയറുകളുടെ സ്ഥാനത്ത് ,താങ്ങാവുന്ന വിലയും തകരാറുകൾ വന്നാൽ കുറഞ്ഞ ചിലവിൽ റിപ്പയർ ചെയ്യാവുന്നതുമായ അഹൂജയുടെ ആംപ്ലിഫ്റ്ററുകൾ തിരക്കി ധാരാളം ആവശ്യക്കാരെത്തി. എല്ലാവർക്കും A 25 വേണം.
ഇതോടെ മൈക്ക് ഓപ്പറേറ്റിങ്ങ് സ്ഥാപനം നിറുത്തി അമർനാഥ് ആംപ്ലിഫയർ നിർമ്മാണ രംഗത്തേക്ക് കാലെടുത്ത് വച്ചു. ഇതിനായി അഹൂജ റേഡിയോസ് എന്ന കമ്പനി രജിസ്റ്റർ ചെയ്തു.
മഞ്ഞുറഞ്ഞ കാശ്മീരിലും, അതികഠിനമായ ചൂടുള്ള രാജസ്ഥാൻ മരുഭൂമിയിലും, മഴ നിലയ്ക്കാത്ത ചിറാപ്പുഞ്ചിയിലും അഹൂജ ആംപ്ലിഫയറുകൾ സുഗമമായി പ്രവർത്തിച്ചു.വിദേശ നിർമ്മിത സെറ്റുകൾ ഇത്തരം കഠിന പ്രതിസന്ധികളേറ്റ് തോറ്റോടിയ സ്ഥാനത്തായിരുന്നു ഇത്.
അഹൂജ ആംപ്ലിഫയറുകളുടെ ഖ്യാതി നാട്ടിലും, വിദേശത്തും പരന്നു.1952ൽ ആദ്യമായി ബർമ്മയിലേക്ക് ( ഇന്നത്തെ മ്യാൻമാർ) ആംപ്ലിഫയറുകൾ കയറ്റുമതി ചെയ്യപ്പെട്ടു.
ലോക്കൽ സെറ്റപ്പിൽ നടത്തിയിരുന്ന നിർമ്മാണം തികയാതെ വന്നപ്പോൾ അഹൂജയുടെ ആദ്യ ഫാക്ടറി 1958 ൽ ഡൽഹിയിലെ ഓഖലാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആരംഭിക്കപ്പെട്ടു.36000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വമ്പൻ ഫാക്ടറി ഉത്ഘാടനം ചെയ്തത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു.
1973 ൽ വികസിത രാജ്യങ്ങളായ ജർമ്മനി, സ്വിറ്റ്സർലാൻ്റ്, UK, നെതർലാൻ്റ്, ഓസ്ട്രേലിയ തുടക്കിയവയിലേക്ക് ആംപ്ലിഫയറുകളും, അനുബന്ധ സാമഗ്രികളും കയറ്റുമതി ചെയ്യാനാരംഭിച്ചു.
1985 ൽ അമേരിക്കൻ സേഫ്റ്റി സ്റ്റാൻഡേർഡായ അണ്ടർ റൈറ്റേഴ്സ് ലാബോറട്ടറിയുടെ ULസർട്ടിഫിക്കേഷനും, CSA സർട്ടിഫിക്കേഷനും ലഭിച്ചതോടെ അമേരിക്കയിലേക്കും ക്യാനഡയിലേക്കും അഹൂജ ഉൽപ്പന്നങ്ങുടെ കയറ്റുമതി ആരംഭിച്ചു.
ഈ സർട്ടിഫിക്കേഷനുകൾ നേടി ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിലെത്തിക്കുന്ന ആദ്യ ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനിയായി ഇതോടെ അഹൂജ.
1992 ഓടെ ലോകപ്രശസ്തമായ പല ആംപ്ലിഫയർ നിർമ്മാതാക്കൾക്ക് വേണ്ടിയും അവർ നിശ്ചയിച്ച ഗുണമേൻമയിലും, ബ്രാൻഡിങ്ങിലും ആംപ്ലിഫയറുകൾ നിർമ്മിച്ച് നൽകുന്ന ആദ്യ ഇന്ത്യൻ OEM കമ്പനി എന്ന ഖ്യാതി കരസ്ഥമാക്കി.
2005 ൽ ഇരുപത് ലക്ഷം പവർ ആംപ്ലിഫയറുകൾ വിപണിയിലെത്തിച്ച ആദ്യ ഇന്ത്യൻ കമ്പനി എന്ന പെരുമ നേടി.
2011 ൽ മറ്റ് വിദേശ കമ്പനികളോട് മൽസരിച്ച് ഇന്ത്യയിലെ ഒരേയൊരു ഫോർമുല വൺ റേസ് കോഴ്സായ ഡൽഹിയിലെ ബുദ്ധ് ഇൻ്റർനാഷണൽ സർക്യൂട്ടിൽ 5.125 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലും പവലിയനിലുമായി ഏറ്റവും കൃത്യത ഉറപ്പ് വരുത്തുന്ന കമ്യൂണിക്കേഷൻ ഉപകരണങ്ങൾ സ്ഥാപിച്ച് കമ്മീഷൻ ചെയ്തു.
2016 ൽ ഇന്ത്യയിലാദ്യമായി മെട്രോ റയിൽവേകൾക്കാവശ്യമായ ഇൻ്റലിജൻ്റ് പേജിങ്ങ് കമ്യൂണിക്കേഷൻ സിസ്റ്റം വികസിപ്പിച്ചെടുത്തു. അതു വരെ വൻതോതിൽ വിദേശനാണ്യം നഷ്ടപ്പെടുത്തിയിരുന്ന ഈ സിസ്റ്റത്തിൻ്റെ ഇറക്കുമതിക്ക് ഇതോടെ അറുതിയായി. കൊച്ചി മെട്രോ അടക്കം ഇന്ത്യയിലെ 16 ഓളം മെട്രോകളിൽ ഈ സംവിധാനം ഉപയോഗിച്ച് വരുന്നു.
ഒറ്റ കൺട്രോൾ റൂമിൽ നിന്ന് തന്നെ എല്ലാ സ്റ്റേഷനുകളിലെയും ,ട്രയിനുകളിലെയും അനൗൺസ്മെൻ്റ് നിയന്ത്രിക്കാമെന്ന സൗകര്യവും, പരിമിതമായ മനുഷ്യശേഷിയും, കൂടുതൽ കൃത്യതയുമാണ് ഈ സംവിധാനത്തിൻ്റെ ഗുണം.
2018ൽ 40 ലക്ഷം പവർ ആംപ്ലിഫയറുകൾ വിറ്റഴിക്കുന്ന ലോകത്തിലെ ആദ്യ കമ്പനി എന്ന ഖ്യാതി നേടി.
2019 ൽ നടന്ന 24 കോടി ജനങ്ങൾ പങ്കെടുത്ത ഉത്തർ പ്രദേശ് ,അലഹബാദിലെ ത്രിവേണീസംഗമത്തിൽ നടന്ന മഹാകുംഭമേളയിൽ
56 ചതുരശ്ര കിലോമീറ്റർ സ്ഥലത്തായി 5000 ൽ അധികം ആംപ്ലിഫയറുകൾ ഉപയോഗിച്ച് ഏതാണ്ട് 25000 ൽ അധികം സ്പീക്കർ ബോക്സുകളിലൂടെ 55 ദിവസത്തോളം തുടർച്ചയായി തടസരഹിതമായി സിംഗിൾ കൺട്രോൾ റൂമിൽ നിന്നും ശബ്ദവിന്യാസം നടത്തി എതിരാളികളില്ലാത്ത ലോക റിക്കോഡിന് ഉടമയായി അഹൂജ കമ്പനി.
2022 ൽ നീണ്ട എട്ട് ശതാബ്ദങ്ങൾ പൂർത്തിയാക്കി 82 ആം വയസിലേക്ക് കടന്നു കഴിഞ്ഞു അഹൂജ കമ്പനി.നാനൂറിൽ അധികം ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ 577 ഡീലർമാരിലൂടെയും, 5 ഭൂഖണ്ഡങ്ങളിലെ 50 ൽ അധികം ലോകരാജ്യങ്ങളിലേയ്ക്ക് നേരിട്ട് കയറ്റ് മതി ചെയ്തും, ആമസോൺ ,ebay തുടങ്ങിയ ഓൺ ലൈൻ ശൃംഖല വഴി 126ൽ അധികം രാജ്യങ്ങളിൽ ചില്ലറ വിൽപ്പന നടത്തിയും ലോക വ്യാപക സാന്നിദ്ധ്യത്തിലൂടെ വിശ്വസനീയമായ ആഗോള ബ്രാൻഡായി മാറിയിരിക്കുകയാണ് അഹൂജ.
40 കിലോ തൂക്കമുള്ള LXA 7600 എന്ന ക്ലാസ് H കോൺഫിഗറേഷനിലുള്ള ആംപ്ലിഫയറാണ് കമ്പനിയുടെ ഏറ്റവും കരുത്താർന്ന ഉൽപ്പന്നം.ഇത് 2 E ഇംപെഡൻസിൽ ബ്രിഡ്ജ് മോഡിൽ 7600 വാട്ട്സ് നൽകുന്നു.
UB 30 എന്ന 25 വാട്സ് മോഡലാണ് കമ്പനി നിർമ്മിക്കുന്ന ഏറ്റവും ഇത്തിരി കുഞ്ഞൻ.
ഏതാണ്ട് 20 കിലോ തൂക്കവും അഞ്ചരക്കിലോ മാഗ്നെറ്റ് വെയിറ്റുമുള്ള
L 18-SW 1300 എന്ന 18 ഇഞ്ച് സബ് വൂഫർ സ്പീക്കറാണ് കമ്പനി നിർമ്മിക്കുന്ന ഏറ്റവും വലിയ സ്പീക്കർ.ഇതിന് 1300 വാട്ട് RMS ശേഷിയുണ്ട്. ഇൻ്റർമിറ്റൻ്റായി 2600 വാട്സ് വരെ ഇത് താങ്ങും.
ക്ലാസ് ABമുതൽ പുതിയ ക്ലാസ് D, ക്ലാസ് H വരെ കോൺഫിഗറേഷനിൽ ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുന്നുണ്ട്.
സി വിദ്യാധരൻ മഞ്ജുളാ ബേക്കറി ആലപ്പുഴ എന്ന് കേരളം മുഴുവൻ മുഴങ്ങിയ നാളുകളിൽ ലോട്ടറി വിൽപ്പനക്കാർക്കായി കുറഞ്ഞ വിലയിൽ 12 വോൾട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന TP - 20DX എന്ന കാസറ്റ് പ്ലേയർ വിത്ത് 10 വാട്ട് ആമ്പ് കമ്പനി പുറത്തിറക്കിയിരുന്നു.
ശബ്ദ സൗകുമാര്യത്തിന് പേര് കേട്ട SM - 4040 എന്ന ഹെവി ഡ്യൂട്ടി സ്റ്റീരിയോ കാസറ്റ് പ്ലേയർ 1985 കളിൽ പ്രശസ്തമായിരുന്നു.
ഇന്നത്തെ കോവിഡ് കാലഘട്ടത്തിൽ നേരിട്ടുള്ള സംഭാഷണം ഒഴിവാക്കാനായി ചില്ല് മറയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഫിറ്റ് ചെയ്യാവുന്ന CCS - 2300 എന്ന കൗണ്ടർ കമ്യൂണിക്കേഷൻ സിസ്റ്റം വൻ വിൽപ്പന നേടി.
ഇന്ത്യൻ റയിൽവേയുടെ 7083 സ്റ്റേഷനുകളിലും പ്രവർത്തിക്കുന്നത് അഹൂജയുടെ ആംപ്ലിഫയറുകളാണ്, ഒരിക്കൽ ഓൺ ചെയ്താൽ പിന്നെ ഇവ ഓഫ് ചെയ്യാറേയില്ല. ഈ വിപണിയിലേക്ക് കടന്ന് കയറാൻ പല കമ്പനികളും ശ്രമിച്ചെങ്കിലും ഒരു മാസം തുടർച്ചയായി ഓൺ ചെയ്തിട്ടപ്പോൾ തന്നെ ഇവരുടെ ആമ്പുകളുടെ പണിക്കുറ്റം തീർന്നു.
ഗൾഫ് രാജ്യങ്ങളിലെ കഠിനമായ ചൂടും, മണൽ കാറ്റുമെല്ലാം സഹിച്ച് അവിടങ്ങളിലെ മോസ്കുകളിൽ പതിറ്റാണ്ടുകളായി ബാങ്ക് വിളി മുഴക്കുന്നത് അഹൂജ ആംപ്ലിഫയറുകളാണ് എന്നറിയാമോ?
വിപണിയിൽ പേര് മാത്രം കണ്ടാൽ വിറ്റ് പോകുന്നതിനാൽ
ഏറ്റവുമധികം ഡ്യൂപ്ലിക്കേറ്റുകൾ ഇറങ്ങുന്നതും അഹൂജ ആംപ്ലിഫയറുകൾക്കാണ്.
വാങ്ങുന്നവന് ഉതകണം എന്നതായിരുന്നു അമർനാഥ് അഹൂജയുടെ പോളിസി.അതിനാൽ വിൽപ്പനയോടൊപ്പം വിൽപ്പനാനന്തര സേവനത്തിലും കമ്പനി തുടക്കം മുതലേ ശ്രദ്ധ പതിപ്പിച്ച് പോന്നു.
ഒരു മോഡൽ തന്നെ ദീർഘനാൾ തുടരുന്നത് മൂലം ഏത് ലോക്കൽ മെക്കാനിക്കിനും ഗ്യാരണ്ടി കഴിഞ്ഞ അഹൂജ ആംപ്ലിഫയറുകൾ റിപ്പയർ ചെയ്യാൻ സാധിക്കും എന്നതും വിൽപ്പനയെ സഹായിച്ചു
അമർ നാഥ് അഹൂജ എന്ന പേരിൻ്റെ ചുരുക്കമായ. ANA എന്ന ബ്രാൻഡ് നെയിമിലാണ് അഹൂജ വിദേശ വിപണികളിൽ എത്തുന്നത്.
1916 ൽ ജനിച്ച അഹൂജ കമ്പനി സ്ഥാപകൻ അമർനാഥ് അഹൂജ 2007 ൽ തൻ്റെ 91 ആം വയസിൽ അന്തരിച്ചു.അദ്ദേഹത്തിൻ്റെ മക്കളായ സന്ദീപ് അഹൂജ, നരേന്ദ്ര സെൻ അഹൂജ എന്നിവരുടെ മേൽനോട്ടത്തിൽ കമ്പനി ഇപ്പോഴും പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു.
വിൻ്റേജ് കളക്റ്റേഴ്സിൻ്റെയും, ഓഡിയോ പ്രേമികളുടെയും ഇടയിൽ പൊന്നിൻ്റെ വിലയാണ് അഹൂജയുടെ 2000 ന് മുൻപുള്ള സെറ്റുകൾക്ക്.ഏറ്റവും പഴയ മോഡൽ നല്ല കണ്ടീഷനിലുള്ള A 25 ASEവാക്വം ട്യൂബ് ആംപ്ലിഫയറുകൾക്ക് 25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മതിപ്പ് വിലയുണ്ട്.
ഏതാണ്ട് അഞ്ച് ലക്ഷം ചതുരശ്ര അടിയിലധികം മൊത്തം വിസ്തീർണ്ണത്തിൽ 5 നിർമ്മാണ കമ്പനികൾ അഹൂജയ്ക്കുണ്ട്. ചിപ്പുകൾ, ട്രാൻസിസ്റ്ററുകൾ, കപ്പാസിറ്റുകൾ തുടങ്ങി റസിസ്റ്റൻസ് വരെയുള്ള ഏറ്റവും ഗുണമേൻമയുള്ള അസംസ്കൃത പദാർത്ഥങ്ങൾ അതാത് ഉൽപ്പാദന കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങിയും, ഷീറ്റ് മെറ്റൽ ക്യാബിനെറ്റുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയെല്ലാം സ്വന്തം കമ്പനികളിൽ നിർമ്മിച്ചുമാണ് അഹൂജ ഉപയോഗിക്കുന്നത്.
യൂണിസൗണ്ട്,
ട്രൂ സൗണ്ട്,
സ്റ്റുഡിയോ മാസ്റ്റർ
ANA
എന്നിങ്ങനെ മറ്റ് ചില സഹോദര സ്ഥാപനങ്ങൾ കൂടി അഹൂജ ബ്രാൻഡിനുണ്ട്.
അഹൂജ എന്ന പേര് കേൾക്കുമ്പോൾ പുതു തലമുറയിൽപ്പെട്ട ചിലർക്ക് പുഛമാണ്. ഓഡിയോ വിപണിയിൽ അഹൂജ ഒന്നുമല്ല എന്നാണിവർ കരുതുന്നത്.ഇത് വായിക്കുന്നതോടെ അതിന് അൽപ്പമെങ്കിലും വ്യത്യാസം വരുമെന്ന് കരുതുന്നു.
എഴുതിയത് അജിത് കളമശേരി.