19/12/2022
നമ്മളിപ്പോഴും കവുങ്ങിൻ പാളകൊണ്ട് പ്ലേറ്റുകൾ നിർമ്മിക്കുന്ന ഇന്നൊവേഷൻ ആഘോഷിച്ച് തീർന്നിട്ടില്ല.
ഇന്നൊവേറ്റീവ് കേരളമേ മോശം.!!
- - - - - - - - - - - -
ഇത് 2022 ഡിസംബർ 16.
കഴിഞ്ഞയാഴ്ച്ചയാണാ പ്രോഗ്രാം കണ്ടത്. ഒരു പോപ്പുലർ മലയാളം ചാനലിൽ. കവുങ്ങിൻ പാള ഉപയോഗിച്ച് പാത്രം നിർമ്മിക്കുന്നത് പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്നു.
കണ്ടപ്പോൾ ശരിക്കും നാണമാണ് തോന്നിയത്. കലാസമ്പത്തും ചിന്താ ശേഷിയും ക്രീയേറ്റീവ് ബ്രില്യൻസുമുള്ള എന്റെ നാടിൻറെ ഇന്നോവേഷന്റെ അവസ്ഥ ഇതായല്ലോ. അതൊരു മോശം കാര്യമായിട്ടല്ല. ഇത്രയധികം കാലം ആഘോഷമാക്കാൻ അതിൽ അത്ര വലിയ ഓൺട്രാപ്രേണർ ബ്രില്ലിയൻസ് ഉണ്ടോ.? ഇന്നോവേഷൻ ബ്രില്ലിയൻസ് ഉണ്ടോ??
വ്യവസായം തുടങ്ങാനോ നടത്താനോ നാം തയ്യാറല്ല. അതിനുള്ള പോസിറ്റീവ് അവസ്ഥയും നമുക്ക് ഉണ്ടോ എന്ന് സംശയമാണ്.
നല്ല കരുത്തുള്ള ബ്രാൻഡുകൾ സൃഷ്ടിച്ച് മാർക്കറ്റ് ചെയ്യാനും നമുക്കറിയില്ല.
നമുക്കറിയാവുന്നത് സർക്കാർ ജോലി. ടീച്ചർ ജോലി. ബാങ്ക് ജോലി. ഗൾഫ് രാജ്യങ്ങളിലെ പലവക ജോലികൾ, യൂറോപ്പിലെ നഴ്സ് ജോലി അമേരിക്കയിലെ ഐടി ജോലി തുടങ്ങിയവയും അതിനുള്ള തയ്യാറെടുപ്പുകളും.
ഐടി മേഖലയിൽ അമേരിക്കൻ കമ്പനികൾക്ക് വേണ്ടി ഉറക്കമൊഴിക്കുന്നവരാണ് നാം. ആശ്രിതരാണ് അവിടെയൊക്കെ നമ്മൾ.! ഐടി കമ്പനികളിലെ 'തൊഴിലാളി വർഗ്ഗ'മാണ് നാം. മുതലാളിമാരെയെല്ലാം ഫോബ്‌സ് ലിസ്റ്റ് നോക്കിയാൽ കാണാം.
ഒരു ഗൂഗിളോ, ഒരു ഫേസ്ബുക്കോ, ട്വിറ്ററോ, വാട്ട്സാപ്പോ, ആമസോണോ, നമുക്കില്ല.
നമ്മുടെ യുവത്വം സ്വപ്നം കാണുന്നത് ഈ കമ്പനിയിലൊക്കെ എന്തെങ്കിലും 'ജോലി' തരപ്പെടുത്താനും അതുവഴി കല്യാണ ചന്തയിൽ അടക്കം യോഗ്യത നേടാനുമാണ്.
മാർക്കറ്റിംഗ് സ്കിൽ ഇല്ലാത്ത ഇന്ത്യൻ ടെക്നോക്രാറ്റുകളേ ഷെയിം.! ഇന്ത്യയിൽ ആദ്യമായി ഐടി പാർക്ക് തുറന്ന കേരളമേ ഷെയിം.!
നമ്മുടെ യുവത്ത്വത്തിന് മറ്റൊരുപാട് ചുമതലകളും കൂടിയുണ്ട്. ബിസിനസ്സ് നടത്തുന്നവരെല്ലാം ചൂഷകർ ആണെന്ന നിലയിൽ പേരിന് സാധാരണക്കാരന് വേണ്ടിമാത്രം നിലകൊള്ളുക. (അവന്റെ കഞ്ഞി മുട്ടിക്കുകയാണ് എന്നതാണു സത്യം.)
സിനിമാ റിലീസ് കേന്ദ്രങ്ങളിൽ സൂപ്പർ സ്റ്റാറുകൾക്ക് വേണ്ടി കൂവാൻ നടക്കുക. കട്ട്ഔട്ടിൽ പാലഭിഷേകം നടത്തുക. മുദ്രവാക്യം വിളിക്കുക. വഴിതടയൽ, വളയൽ, മതിലോ ചങ്ങലയോ പണിയൽ, സത്യഗ്രഹമിരിക്കൽ , ജലപീരങ്കിയേയും ടിയർഗ്യാസിനേയും ആസ്വദിക്കുക, രാജ്യത്ത് തലങ്ങും വിലങ്ങും വലിയ യാത്രകൾ നടത്തുക. വെറുപ്പ് വാരി വിതറുക , മത-ജാതികൾക്ക് വേണ്ടിയും രാഷ്ട്രീയക്കാർക്ക് വേണ്ടിയും സഹോദരങ്ങളെ കുത്തി മലർത്തുക. ഇതൊക്കെ വളരെ ക്രീയേറ്റീവ് ആയി, പ്രൊഡക്ടിവ് ആയി അവർ ചെയ്തുപോരുന്നു.
നമ്മുടെ ബുദ്ധി സാമർത്ഥ്യത്തിനെയും സ്മാർട്ട്ന സ്സിനെപറ്റിയുമുള്ള തള്ളുകൾക്ക് പക്ഷേ ഒരു കുറവുമില്ല. മലദ്വാരം വരെ ഉപയോഗപ്പെടുത്തുന്ന സ്വർണ്ണക്കടത്തിലാണ് നമ്മുടെ ക്രീയേറ്റീവിറ്റി കുറച്ചുകാലമായി മിന്നിത്തിളങ്ങുന്നത്.
എപ്പോഴെങ്കിലും മിഡിൽഈസ്റ്റിലൊക്കെയുള്ള ഏതെങ്കിലും ചൈന ക്രാഫ്റ്റ് സ്റ്റോറുകളിൽ ഒന്ന് പോയി നോക്കൂ. നാച്ചുറൽ പ്രോഡക്റ്റ്കളുടെ അമേസിങ് ഇന്നോവേഷനുകൾ കണ്ട് നാം അന്തം വിടും. ചൈനക്കാരാണ് ഇക്കാര്യത്തിൽ മുമ്പന്മാർ !!!
സർക്കാർ പണം ചിലവിട്ട് നടത്തുന്ന യാത്രകളിൽ ഇവയൊന്നും അജണ്ടയാകാറില്ല. ഒരു ജനകീയ പ്രൊജക്റ്റ് അധികാരിക്കും ഇതൊന്നും അറിയുകയേ വേണ്ട. വിവാദങ്ങളുടെ പുറകെ പോയും സുഖിപ്പിക്കൽ നടത്തിയും, ചുമ്മാ ആരാധിച്ചും കഴിയുന്ന ബിസിനസ്സ് ജേർണലിസത്തിലും ഇതിനു വേണ്ടിയുള്ള ഇന്ദ്രിയങ്ങളില്ല.
ലോകത്തിന്റെ ഇന്നോവേഷനുകൾ പലതും കാലമിത്രയായിട്ടും നമുക്കാർക്കും ഒന്ന് അനുകരിക്കാൻപോലും കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ കഷ്ടം.!
ഇൻറർനെറ്റിൽ ആക്സസ് ഉള്ള ആർക്കും കുറേകാലമായിട്ട് ലോകത്തുള്ള സർവ്വ ഇന്നൊവേറ്റീവ് ക്രാഫ്റ്റും കാണാനായിട്ടും ഈ പാളയുടെ പുറകേ പോകുന്നത് കേരളമേ മോശം.!!!
നമ്മുടെ ചിത്രകാരൻ നമ്പൂതിരിയും, കാനായി കുഞ്ഞിരാമനും ജീവിച്ചിരിക്കുന്ന ഒരുനാട്ടിൽ , കെ സി എസ് പണിക്കരെപ്പോലെയുള്ള മഹാരഥന്മാർ ജനിച്ച മണ്ണിൽ, കലാ അക്കാദമികളും, അവിടെ ഉയർന്ന സ്ഥാനങ്ങളും ശമ്പളങ്ങളും പെൻഷനുകളും ഉണ്ടായിട്ടും, കലാ സമ്പന്നമെന്നു ചുമ്മാ മേനിനടിക്കുന്ന നാം എന്ത്കൊണ്ട് ഈ കലാപൈതൃകം നമ്മുടെ പ്രൊഡക്ടുകളിൽ സന്നിവേശിപ്പിക്കുന്നില്ല.
മുളകൊണ്ടുള്ള ഒരായിരം റിമാർക്കബിൾ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ചൈനക്കാർ മുഴുവൻ ലോകത്തിനും വിറ്റുകൊണ്ടിരിക്കുന്നു.
കളിമണ്ണുകൊണ്ട് അവരുണ്ടാകുന്ന സിംപിൾ ഷോ പീസുകളും മരംകൊണ്ടുള്ള യൂട്ടിലിറ്റി ഉപകരണങ്ങളും മുളകൊണ്ടുള്ള ഫാൻസി-കിച്ചൻ ഉൽപ്പന്നങ്ങളും കൊച്ചുകൊച്ചു മാസ്റ്റർ പീസുകളാണ്.!
ഇവയൊക്കെ ഉണ്ടാക്കാനുള്ള കരവിരുതും ഡെഡിക്കേഷനും നമ്മുടെ ജനങ്ങൾക്കില്ല എന്നാണോ?
നമ്മുടെ കുടുംബശ്രീ മേളകളിൽ എഴുന്നള്ളിക്കുന്ന പരമ ബോറൻ ചിരട്ട ഉല്പന്നങ്ങളെയൊന്നും ഏറ്റു പിടിച്ചു ആരും ന്യായീകരിക്കാൻ നിൽക്കണ്ട.
നമ്മൾ കവുങ്ങിൻ തോപ്പുകളിൽ പാളകൾ പെറുക്കി തീർന്നിട്ടില്ല. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും പ്രൊഡക്ഷൻ വേസ്റ്റ് ആയി വരുന്ന സോഫ്റ്റ് -ഡ്രിങ്ക് പാക്കുകൾ കൊണ്ടുള്ള പാർട്ടി പ്ലേറ്റുകളിൽ ആത്മ നിർവൃതി അടയുന്ന നമുക്ക് ഈ പാള പ്ലേറ്റുകൾ വാങ്ങാനുള്ള മനസ്സുമില്ല. നമ്മുടെ ഈ ലോകോത്തര 'പാള ഇന്നോവേഷനെ' നമുക്ക് പോലും വേണ്ട. എന്നതാണ് വിചിത്രം.!
ചാനലുകളെ, ദയവായി ഇനി ഇതുപോലുള്ള വിക്രസ്സുകൾ കാണിക്കരുത്. ലോകത്തിനു മുന്നിൽ നമ്മേ അവഹേളിക്കരുത്.? യൂറോപ്പിലിരുന്ന് അല്ലെങ്കിൽ ജപ്പാനിൽ ഇരുന്നു ദുബൈലിരുന്ന് ഇത് കാണുന്ന ഒരു മലയാളിയെ ഒന്ന് ഓർത്തുനോക്ക്. ലോകം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. നിങ്ങൾക്ക് നേരം വെളുത്തിട്ടില്ല എന്നുകരുതി ലോകത്ത് മൊത്തം ഇരുട്ടാണെന്ന് കരുതരുത്.
- - - - - - - -
We invest we support
©